ഇന്നു നടക്കുന്ന റബർ കർഷകരുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ ജില്ലയിലെ 50 ആർപിഎസുകളിൽ നിന്നു കർഷകർ പങ്കെടുക്കും. വിലയില്ലെങ്കിൽ റബറില്ല എന്ന മുദ്രാവാക്യവുമായി റബർ ഉൽപാദകസംഘങ്ങളുടെ ദേശീയ കൂട്ടായ്മയായ നാഷനൽ കൺസോർഷ്യം ഓഫ് റീജനൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ഇന്ത്യ (എൻസിആർപിഎസ്)യുടെ നേതൃത്വത്തിലാണ് മാർച്ച്.പാലക്കാട്, മണ്ണാർക്കാട് റീജനിൽപെട്ട റബർ ഉൽപാദക സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുക. റബർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് പാലക്കാട് റീജനൽ പ്രസിഡൻ്റും ദേശീയ ട്രഷററുമായ പി. വി.ബാബു എളവമ്പാടം പറഞ്ഞു. ഇന്ന് രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന സമരപരിപാടികൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.വില സ്‌ഥിരതയ്ക്കൊപ്പം താങ്ങുവില 250 രൂപയാക്കുക, കാലാവസ്‌ഥ അതിജീവന കാർഷിക മൂല്യവർധിത വിപണന ശൃംഖല നവീകരണ പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കുക, പദ്ധതി നടപ്പിലാക്കുന്ന ജില്ലകളിൽ റബർ ബോർഡ് സബ് സിഡി തുടരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭപരിപാടികൾ.
