ഇന്ന് ഗാന്ധിജയന്തി… മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ നടക്കും. പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിവസം ജനങ്ങൾ ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്ന് പ്രധാന മന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിജിയുടെ ജന്മ ദിനം അന്താരാഷ്ട്ര അഹിംസ ദിനം കൂടിയായാണ് ആചരിക്കുന്നത്. സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്.