ഇളവന് വിപണിയിൽ വിലയുണ്ട് ; കർഷകന് തുച്ഛവില
നെന്മാറ: ഇളവനും, മത്തനും ആവശ്യക്കാരുണ്ടെങ്കിലും കർഷകന് വില ലഭിക്കുന്നില്ല. ഇളവന് കർഷകരിൽ നിന്ന് ഒരു കിലോക്ക് 7 രൂപയ്ക്കാണ് വ്യാപാരികൾ വാങ്ങാൻ തയ്യാറാവുന്നത്. സ്വന്തം ചെലവിൽ വാഹനത്തിൽ കയറ്റി പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനത്തിൽ എത്തിക്കുമ്പോഴാണ് ഈ വില കർഷകന് ലഭിക്കുന്നത്. വ്യാപാരികൾ ചില്ലറ വിൽപ്പന നടത്തുന്നത് 16 രൂപയ്ക്കാണ്. ഇളവൻ പോലുള്ളവ ദീർഘനാൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയുമെങ്കിലും കാര്യമായ വിലക്കയറ്റം ഉണ്ടാവാറില്ലാത്തതിനാൽ വ്യാപാരികളും കർഷകരും ഉടൻ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. 14 രൂപയെങ്കിലും മൊത്ത വില ലഭിച്ചാൽ മാത്രമേ കർഷകന് ഇളവൻ കൃഷി ആദായകരമാകുകയുള്ളൂ. സർക്കാർ പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത്പ്രകാരമുള്ള സംഭരണം നടക്കുന്നില്ല. അയിലൂർ ചക്രായിയിൽ പച്ചക്കറി കൃഷി നടത്തുന്ന ശശിയാണ് വിലയിടിവിന്റെ ദുരിതം വിവരിച്ചത്. സ്വന്തമായുള്ള കൃഷിസ്ഥലത്തും പാട്ടത്തിനെടുത്തും കൃഷി ചെയ്ത് ഉൽപ്പന്നം വിപണിയിൽ എത്തുമ്പോൾ തുച്ഛമായ വില ലഭിക്കുന്നതാണ് കർഷകരെ ദുരിതത്തിലാക്കുന്നത്. വിളവെടുത്ത ഇളവനും മറ്റു പച്ചക്കറികളും സ്വന്തം ചെലവിൽ മൊത്ത വ്യാപാരികൾക്ക് എത്തിക്കേണ്ട സ്ഥിതിയുമുണ്ട് കർഷകന്. അഞ്ചു മുതൽ 10 കിലോ വരെ വലുപ്പം വരുന്ന ഇളവനാണ് ഇപ്പോൾ ആദായം എടുക്കുന്നത്. ഇളവന് വലിപ്പം കൂടിയാലും മുറിച്ചു വിൽക്കണമെന്ന് ന്യായം പറഞ്ഞും വലിപ്പം കുറഞ്ഞാൽ ചെറുതായി എന്ന ന്യായം പറഞ്ഞു വില കുറയ്ക്കും. തൊട്ടടുത്ത പൊള്ളാച്ചി, ഉടുമൽപേട്ട, ഓട്ടം ചത്രം, കോയമ്പത്തൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ കർഷകർ എത്തിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഏത് അളവിൽ ആണെങ്കിലും ഉഴവർ ചന്തകളിൽ ലേലം ചെയ്ത് പരമാവധി ഉയർന്ന വില ലഭിക്കാറുണ്ട്. ഇവിടെ അത്തരം സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വ്യാപാരികൾ നിശ്ചയിക്കുന്ന വിലയ്ക്ക് നൽകേണ്ട സ്ഥിതിയാണുള്ളത്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ വകുപ്പുകൾ ഉണ്ട് . ഉല്പാദിപ്പിച്ചവയ്ക്ക് വിലയില്ല. വി എഫ് പി സി കെ, കൃഷിവകുപ്പ് തുടങ്ങി വിവിധ വകുപ്പുകൾ കൃഷി പ്രോത്സാഹിപ്പിക്കാനുണ്ട്. വിപണിയിൽ സഹകരിക്കാൻ സംവിധാനം ഇല്ലാത്തത് കർഷകരെ കുഴക്കുന്നു. പാവൽ, പയർ, പടവലം എന്നിവ മാത്രമാണ് വി എഫ് പി സി കെ വഴി ഒരു പരിധിവരെ വിപണനം നടത്തുന്നതും കർഷകർക്ക് വില ലഭിക്കുന്നതും.