വൈദ്യുതി കണക്ഷനെടുക്കുന്നതിനുള്ള ചെലവ് ലോഡിന്റെ അടിസ്ഥാനത്തിലാക്കാന്‍ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കി. ആവശ്യമായിവരുന്ന ലൈനിന്റെയും പോസ്റ്റിന്റെയും വില കണക്കാക്കിയാണ് ഇതുവരെ നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ പോസ്റ്റ് വേണ്ടവര്‍ക്കും വേണ്ടാത്തവര്‍ക്കും ഒരേനിരക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം. പോസ്റ്റ് വേണ്ടവര്‍ക്ക് നിലവിലെ രീതിയെക്കാള്‍ ലാഭകരമാണിത്. വേണ്ടാത്തവര്‍ക്ക് നഷ്ടവും.
ഏകീകൃതനിരക്ക് ഇതിനകം പല സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിനായി കെഎസ്ഇബി ശുപാര്‍ശചെയ്ത തുക കൂടുതലാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഗാര്‍ഹിക കണക്ഷന് കിലോവാട്ടിന് 1800 രൂപയാണ് കെഎസ്ഇബി അപേക്ഷയില്‍ ആവശ്യപ്പെട്ടത്. നിലവില്‍ പോസ്റ്റ് വേണ്ടാത്ത, റോഡില്‍നിന്ന് 32 മീറ്റര്‍വരെ ദൂരത്തിലുള്ള സിംഗിള്‍ ഫെയ്സ് കണക്ഷന് 1914 രൂപയാണ് നല്‍കേണ്ടത്. ത്രീഫെയ്സ് കണക്ഷന് 4642 രൂപയും.
കിലോവാട്ട് നിരക്കില്‍ ഈ ചെലവ് ഏകീകരിക്കുന്നതോടെ, 1914 രൂപയ്ക്കുപകരം കിലോവാട്ടിന് 1800 രൂപവീതം നല്‍കണം. അഞ്ചുകിലോവാട്ടുവരെ സിംഗിള്‍ ഫെയ്സാണ്. നാല് കിലോവാട്ടുള്ള കണക്ഷന് ഇത് 7200 രൂപയാവും. ത്രീഫെയ്സിലും സമാനവര്‍ധനയുണ്ടാവും.
