വാർത്താകേരളം


                    

 [27.03.2024]       

മൂന്നാർ കയ്യേറ്റം; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
🖱️മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതിനാൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ സർക്കാരിീന് ആത്മാർഥതയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. വിഷയത്തിൽ സിബിഐ അന്വേഷണം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ജില്ലാ കലക്‌ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മാസത്തേയും ഈ മാസത്തേയും റിപ്പോർട്ട് ഇതുവരെ കോടതിയിൽ നൽകിയിട്ടില്ല. ഇതോടെയാണ് ഡിവിഷൻ ബെഞ്ച് കടുത്ത അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിച്ചത്.

ഓപ്പൺ സർവകലാശാല വിസിയുടെ രാജി സ്വീകരിച്ച് ഗവർണർ; ഡോ. വി.പി. ജയദിരാജ് പുതിയ വിസി
🖱️ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിസി പി.എം. മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു. കുസാറ്റ് അധ്യാപകൻ ഡോ. വി.പി. ജയദിരാജാണ് പുതിയ വിസി. ഇദ്ദേഹത്തിന്‍റെ യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ കോടതി തീരുമാനം പ്രകാരം തുടര്‍ നിലപാട് സ്വീകരിക്കുമെന്നാണ് രാജ്‌ഭവനിൽ നിന്ന് അറിയിച്ചത്.ഓപ്പൺ സർവകലാശാല വിസി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിരുന്നില്ല. യുജിസിയുടെ അഭിപ്രായം തേടിയ ശേഷമാണ് രാജി സ്വീകരിച്ചത്.

ഡൽഹി മദ്യനയ അഴിമതി കേസ്; കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
🖱️ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ. കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 15 നാണ് കവിതയെ ഇഡി കസ്റ്റഡിയിലെടുക്കുന്നത്. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. കഴി‌ഞ്ഞയാഴ്ച 5 ദിവസത്തേക്ക് കൂടി കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. നൂറ് കോടി രൂപ കവിത നേതാക്കൾക്ക് നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മദ്യനയത്തിൽ കവിതയുമായി ബന്ധമുള്ള വ്യവസായികൾക്ക് അനൂകുലമായ നടപടികൾക്കാണ് കോഴ നൽകിയത്. മനീഷ് സിസോദിയയും ഗൂഡാലോചനയിൽ പങ്കാളിയാണെന്ന് ഇഡി പറയുന്നു.

സഹകരണ ബാങ്കുകളിലെ തട്ടിപ്പ്: തെളിവുകൾ കൈയിലുണ്ട്, ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോദി
🖱️കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥി ടി.എൻ സരസുവിനെ ഫോണിൽ വിളിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.സഹകരണ ബാങ്കുകളിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം അർഹതപ്പെട്ടവർക്ക് തിരികെ നൽകുമെന്നും അതിനുള്ള നിയമോപദേശം തേടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

തൊഴിൽ വകുപ്പിന്‍റെ മിന്നൽ പരിശോധന; മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി
🖱️ബിൽഡിംഗ്‌ സൈറ്റുകളിൽ സംസ്ഥാന വ്യാപകമായി തൊഴിൽ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് മുന്നൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി. സംസ്ഥാനത്തെ 60കെട്ടിട നിർമാണ സൈറ്റുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയസം സം സ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ വിവിധ സൈറ്റുകളിലായി 1,819 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും കണ്ടെത്തി.

കെജ്‌രിവാളിനെ വെട്ടിലാക്കി ഖാലിസ്ഥാൻ നേതാവിന്‍റെ വെളിപ്പെടുത്തൽ
🖱️മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാർട്ടിയെയും (എഎപി) വെട്ടിലാക്കി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂനിന്‍റെ വെളിപ്പെടുത്തൽ. 2014 മുതൽ 2022 വരെയുള്ള കാലത്ത് എഎപിക്ക് തങ്ങൾ 133.54 കോടി രൂപ നൽകിയിട്ടുണ്ടെന്ന് നിരോധിത സിഖ് ഭീകര സംഘടന സിഖ്സ് ഫൊർ ജസ്റ്റിസിന്‍റെ (എസ്എഫ്ജെ) നേതാവ് കൂടിയായ പന്നൂൻ വെളിപ്പെടുത്തുന്ന വിഡിയൊ ദൃശ്യം പുറത്തുവന്നു. എഎപി ഇതിനോടു പ്രതികരിച്ചിട്ടില്ല.

മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയില്‍
🖱️ മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തിൽ തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കൽ അനുവാര്യമെന്ന് ഇഡി ഹൈക്കോടതിയിൽ. നിയമലംഘനം സംബന്ധിച്ച് ഐസക്കിന്‍റെ അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നതായും ഇഡി ഹൈക്കോടതിയിൽ അറിയിച്ചു.തോമസ് ഐസക്കിന്‍റെ ഹർജി പരിഗണിക്കുന്നതിനിടെ എന്തിനാണ് അദ്ദേഹത്തിന് സമൻസ് അയക്കുന്നതെന്ന് കോടതി ഇഡിയോട് ചോദിച്ചു. അന്വേഷണ നടപടികളില്‍ കോടതി സ്‌റ്റേ അനുവദിച്ചിട്ടില്ല. അതിനാലാണ് ഐസക്കിന് വീണ്ടും സമന്‍സ് അയച്ചതെന്നും ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്‍റെ

കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം ഡിക്കിയിലാക്കി പാടത്ത് തള്ളി; സ്വർണവ്യാപാരിയും കുടുംബവും പിടിയിൽ
🖱️കുറ്റുമുക്ക് പാടത്ത് പാലക്കാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ തൃശൂരിലെ സ്വർണവ്യാപാരിയും കുടുംബവും അറസ്റ്റിൽ. തൃശൂർ സ്വദേശി സ്വർണവ്യാപാരി ദിലീപ് കുമാർ, ഭാര്യ ചിത്ര, മകൻ വിശാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാവിലെയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി രവിയെ കുറ്റുമുക്ക് പാടശേഖരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. വയറിന് പരിക്കേറ്റ് ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉദ്ഘാടനം കഴിഞ്ഞ് 40 ദിവസം; മുക്കം ആരോഗ്യകേന്ദ്രത്തിലെ ഐസലേഷൻ വാർഡിന്‍റെ സിലീങ് തകർന്നു
🖱️മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ 40 ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത ഐസലേഷൻ വാർഡിന്‍റെ സീലിങ് തകർന്നുവീണു. ഐസലേഷൻ വാർഡ് കെട്ടിടത്തിന്‍റെ മുൻവശത്തെ സിലീങ്ങാണ് തകർന്നത്.1.89 കോടി രൂപ കിഫ്ബി ഫണ്ട് ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചതും ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയതും. ഫെബ്രുവരി 16 ന് മുഖ്യമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. തൃശൂർ ഡിസ്ട്രിക്റ്റ് ലേബർ കോൺട്രാക്റ്റ് സൈസൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്.

പ്രധാനമന്ത്രിയുടെ വസതി വളയാൻ അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്
🖱️ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്തതിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതി വളയാനുള്ള എഎപിയുടെ നീക്കത്തിന് തിരിച്ചടി. പ്രതിഷേധത്തിനുള്ള അനുമതി ഡൽഹി പൊലീസ് നിരീക്ഷിച്ചു. എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഎപിയുടെ നീക്കം. മോദി ഏറ്റവുമധികം ഭയപ്പെടുന്നത് കെജ്‌രിവാളിനെയാണെന്ന മുദ്രാവാക്യം ഉയർത്തിയുള്ള പ്രൊഫൈൽ പിക്ചർ ക്യാംപെയിനും പാർട്ടി തുടക്കമിട്ടു.

ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച മുതൽ; സബ്‌സിഡി നിരക്കിൽ 13 ഇനം സാധനങ്ങൾ
🖱️വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാവും. ഏപ്രിൽ 13 വരെയാവും ചന്തകൾ പ്രവർത്തിക്കുക.

രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ഇന്ത്യ വിടാൻ അനുമതി
🖱️രാജീവ് ഗാന്ധി കൊലക്കേസ് പ്രതി മുരുകന് ഇന്ത്യവിട്ട് പുറത്തുപോകാൻ അനുമതി. ശ്രീലങ്കൻ ഹൈക്കമ്മിഷൻ യാത്രാരേഖ അനുവദിച്ച കാര്യം തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കമ്മിഷൻ അനുവദിച്ച യാത്രാരേഖ അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജിയനൽ റജിസ്ട്രേഷന്‍ ഓഫിസർ എക്സിറ്റ് അനുമതി നൽകിയാൽ മതിയാകും. രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിലാണ് മുരുകനടക്കം മൂന്നുപേരും താമസിക്കുന്നത്.

മമത ബാനർജിക്ക് എതിരെ അധിക്ഷേപ പരാമർ‍ശം
🖱️പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ച് ബിജെപി എംപി ദിലീപ് ഘോഷ് നടത്തിയ പരാമർശം വിവാദത്തിൽ. ഘോഷിനെതിരേ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. ബംഗാൾ ആഗ്രഹിക്കുന്നത് സ്വന്തം മകളെയാണെന്ന തൃണമൂൽ കോൺഗ്രസിന്‍റെ മുദ്രാവാക്യത്തെ പരിഹസിക്കുമ്പോഴായിരുന്നു ദിലീപ് ഘോഷ് അതിരുവിട്ടത്. ‘ഗോവയിൽ ചെന്നപ്പോൾ താൻ ഗോവയുടെ മകളാണെന്നും ത്രിപുരയിൽ ചെന്നപ്പോൾ താൻ ത്രിപുരയുടെ മകളാണെന്നും മമത ബാനർജി പറഞ്ഞു. ഇതു ശരിയല്ല. ആദ്യം അവർ അച്ഛനാരാണെന്ന് തീരുമാനിക്കട്ടെ’ – ബർധമാൻ ദുർഗാപുർ സീറ്റിലെ ബിജെപി സ്ഥാനാർഥികൂടിയായ ദിലീപ് ഘോഷിന്‍റേതായി പ്രചരിക്കുന്ന വിഡിയൊ ദൃശ്യത്തിൽ പറയുന്നു.

തെരഞ്ഞെടുപ്പു പ്രചാരണത്തിന് കൂപ്പൺ പിരിവ് നടത്താൻ കെപിസിസി
🖱️സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള പണം കണ്ടെത്താൻ കൂപ്പൺ പിരിവു നടത്താൻ കെപിസിസി. കൂപ്പണുകൾ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലിയിൽ പണം കണ്ടെത്തണമെന്നുമുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം.

ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ കയ്യാങ്കളി ഉണ്ടായെന്ന ആരോപണം നിഷേധിച്ച് സിപിഎം
🖱️പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൊല്ലി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ കയ്യാങ്കളി ഉണ്ടായെന്ന ആരോപണം നിഷേധിച്ച് സിപിഎം. പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് ലഭിക്കുന്ന സ്വീകാര്യതയെ പ്രതിരോധിക്കാനാണ് വ്യാജ വാർത്തകളെന്നും ഇതിനെതിരേ നിയമനടപടിയെടുക്കുമെന്നും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു മാധ്യമങ്ങളോടു പറഞ്ഞു.മുൻ എംഎൽഎ എ. പത്മകുമാറും കയ്യാങ്കളി നിഷേധിച്ച് രംഗത്തെത്തി. തന്നെ ആരും മർദിച്ചിട്ടില്ലെന്നും അങ്ങനെയൊരു സംഭവമുണ്ടായാൽ ഇങ്ങനെ ചിരിച്ചുകൊണ്ടിരിക്കില്ലെന്നും എ. പത്മകുമാർ പ്രതികരിച്ചു.

ബെംഗളുരുവിൽ സ്വകാര്യ ടാങ്കർ ഡ്രൈവർക്കെതിരെ കേസ്
🖱️വരൾച്ച രൂക്ഷമായി തുടരുന്നതിനിടെ വാണിജ്യ സ്ഥാപനത്തിന് വെള്ളം മറിച്ച് വിറ്റ സ്വകാര്യ ടാങ്കർ ഡ്രൈവർക്കെതിരെ കേസ്. കുടിവെള്ള ടാങ്കര്‍ ഡ്രൈവറായ സുനിലിനെതിരെ ബലഗുണ്ടെ സ്റ്റേഷനിലാണ് ജല വിതരണ ബോര്‍ഡ് പരാതി നല്‍കിയത്. ജലക്ഷാമം രൂക്ഷമായ 130 വാര്‍ഡിലേക്ക് വെള്ളം എത്തിക്കേണ്ട ടാങ്കര്‍ ഡ്രൈവറായിരുന്നു സുനില്‍. എന്നാല്‍ ടാങ്കറില്‍ വെള്ളം നിറച്ച ശേഷം മറ്റൊരു വാര്‍ഡിലെ സ്വകാര്യ സ്ഥാപനത്തിന് വെള്ളം വില്‍ക്കുകയായിരുന്നു. മാര്‍ച്ച് 24നായിരുന്നു സംഭവം. സംഭവം വിവാദമായതിന് പിന്നാലെ ടാങ്കര്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു.

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന നിയമവിരുദ്ധമെന്ന് ഉപഭോക്തൃ കോടതി
🖱️’വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ എറണാകുളം മുപ്പത്തടം സ്വദേശി സഞ്ജു കുമാർ സമർപ്പിച്ച പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്‍റെ ഉത്തരവ്.

ലോക്സഭാ തെരഞ്ഞെടുപ്പ്: എറണാകുളത്ത് 27786 പുതിയ വോട്ടർമാർ
🖱️ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം എറണാകുളം ജില്ലയിൽ 27786 പുതിയ വോട്ടർമാർ. മാർച്ച് 25 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 18നും 19നും മധ്യേ പ്രായമുള്ള യുവ വോട്ടർമാർ ഏറ്റവും കൂടുതലുള്ളത് കുന്നത്തുനാട് മണ്ഡലത്തിലാണ്. കുന്നത്തുനാട്ടിൽ 1411 പുതിയ പുരുഷ വോട്ടർമാരും 1292 പുതിയ സ്ത്രീ വോട്ടർമാരുമാണുള്ളത്.

സന്ദേശ്ഖാലി സമരനായിക ബിജെപി സ്ഥാനാർഥി
🖱️സന്ദേശ്ഖാലി അതിക്രമങ്ങളുടെ ഇരയും ബാസിർഹട്ടിലെ ബിജെപി സ്ഥാനാർഥിയുമായ രേഖാപത്രയെ നേരിട്ട് വിളിച്ച് പ്രചാരണ തയാറെടുപ്പുകൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രേഖയെ ശക്തിസ്വരൂപ എന്നു വിശേഷിപ്പിച്ച മോദി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് പ്രധാനമന്ത്രി ദൈവതുല്യനെന്നായിരുന്നു രേഖയുടെ മറുപടി. തൃണമൂൽകോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെയും സംഘത്തിന്‍റെയും അതിക്രമങ്ങൾക്കെതിരേ ആദ്യം രംഗത്തെത്തിയ വീട്ടമ്മയാണു രേഖാപത്ര.

”തെളിവുണ്ടെങ്കിൽ ഹാജരാക്കണം”, വി.ഡി. സതീശന്‍
🖱️കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി നിർദേശിച്ചു. ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കൃത്യമായ തെളിവുണ്ടാവണമെന്നും കോടതി പറഞ്ഞു.കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി.വി. അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നാണു ഹർജി. നിയമസഭയിലാണ് വി.ഡി. സതീശനെതിരേ പി.വി. അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചത്. ഹർജിയിൽ ഇതേവര സ്വീകരിച്ച കാര്യങ്ങള്‍ അറിയിക്കാനും നിർദേശിച്ച കോടതി, കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി.

മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ
🖱️മഹാരാഷ്‌ട്രയിലെ ബീഡ്‌ ജില്ലയിലെ മജൽഗാവിൽ ഹോളി ആഘോഷത്തിന്റെ മറവിൽ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം എഴുതിവച്ചതിനെത്തുടർന്ന്‌ സംഘർഷാവസ്ഥ. ഹോളി ആഘോഷത്തിനുപയോഗിക്കുന്ന നിറങ്ങളുപയോഗിച്ച്‌ തിങ്കൾ വൈകിട്ടാണ്‌ മർകസി മസ്‌ജിദിന്റെ ചുമരിൽ ജയ്‌ ശ്രീറാം എന്നെഴുതിയത്‌. പ്രതിഷേധവുമായി മുസ്ലിം വിഭാഗം തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. പൊലീസ്‌ കേസെടുത്തെങ്കിലും പ്രതിഷേധക്കാരെ അനുനയിപ്പിക്കാനായില്ല. 24 മണിക്കൂറിനകം കുറ്റവാളിയെ കണ്ടെത്തി അറസ്റ്റ്‌ ചെയ്യുമെന്ന്‌ പൊലീസ്‌ ഉറപ്പു നൽകിയതോടെയാണ്‌ സംഘർഷാവസ്ഥ അൽപ്പം അയഞ്ഞത്‌. പള്ളിയിലും പരിസരത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്‌.

മോദി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം: എ.കെ. ആന്‍റണി
🖱️നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. തലേക്കുന്നില്‍ ബഷീര്‍ സ്മാരക പുരസ്‌കാരം ഇന്ദിര ഭവനില്‍ ഡോ. ജോര്‍ജ് ഓണക്കൂറിനു നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യ മുന്നണി അധികാരത്തിലേറിയാല്‍ പൗരത്വ നിയമ ഭേദഗതി നിയമം പിന്‍വലിക്കും. ഈ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാരിന്‍റെ അന്ത്യം കുറിക്കും. പൗരത്വ നിയമത്തില്‍ മുമ്പും പല ഭേദഗതികളും ഉണ്ടായിട്ടുണ്ട്.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നു
🖱️വിവാദമായ നിരവധി കേസുകൾ പരിഗണിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കും. ലോകായുക്തയായി അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയാണു വിരമിക്കുന്നത്. ജസ്റ്റിസ് സിറിയക് ജോസഫിന്‍റെ ബഹുമാനാർഥം ഒരു ഫുൾ കോർട്ട് റഫറൻസ് ഉച്ചക്ക് 12.15ന് ലോകായുക്ത കോടതി ഹാളിൽ നടത്തും.കോട്ടയം കൈപ്പുഴ സ്വദേശിയായ ജസ്റ്റിസ് സിറിയക് ജോസഫ് സുപ്രീം കോടതി, കേരള, ഡൽഹി ഹൈകോടതികളിൽ ജഡ്ജിയായും ഉത്തരാഖണ്ഡ്, കർണാടക ഹൈകോടതികളിൽ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യഥാർഥ കമ്യൂണിസ്റ്റുകൾ യുഡിഎഫിന് വോട്ട് ചെയ്യും: കെ.സി. വേണുഗോപാൽ
🖱️യഥാർഥ കമ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ. ആലപ്പുഴ മണ്ഡലത്തിലെ രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ ഒന്നും പറയാൻ ഇല്ലാത്ത അവസ്ഥയാണ്. ഇപ്പോൾ ഭരിക്കുന്ന ബിജെപി രാജ്യം ഭിന്നിപ്പിച്ചു ഭരിക്കുകയാണ്. ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നു. മണിപ്പൂരിൽ നമ്മൾ ഇത് കണ്ടതാണ്. അതാണ് ബിജെപിയുടെ യഥാർഥ മുഖം. ഈ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. ഇത്തവണ എല്ലാ പ്രതികൂല സാഹചര്യങ്ങളും മറികടക്കുമെന്നും കെസി പറഞ്ഞു.

ഉടൻ വെടിനിർത്തണം: പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി
🖱️ഗാസയിൽ റംസാൻ മാസത്തിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന പ്രമേയം പാസാക്കി ഐക്യരാഷ്‌ട്ര സംഘടനാ രക്ഷാസമിതി. 15 അംഗ രക്ഷാസമിതിയിലെ 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേൽ സഖ്യ കക്ഷിയായ അമേരിക്ക വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു. ​​ഗാസയില്‍ ഇസ്രയേലിന്റെ നരമേധം ആറാംമാസത്തിലേക്ക് കടക്കവെയാണ് യുഎന്നിന് വിഷയത്തില്‍ പ്രമേയം പാസാക്കാന്‍ സാധിച്ചത്. അർജീരിയ അടക്കം പത്ത് രാജ്യങ്ങളാണ്‌ പ്രമേയം മുന്നോട്ടുവച്ചത്‌. ഇസ്രയേലിൽനിന്ന്‌ ഹമാസ്‌ പിടിച്ചുകൊണ്ടുപോയ 130 ബന്ദികളെ മോചിപ്പിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്‌തു.

ഹൈസ്‌കൂളുകളിലെ ഇംഗ്ലിഷ് അധ്യാപക നിയമനത്തിനു തസ്തിക സൃഷ്ടിക്കണം
🖱️ഹൈസ്‌കൂളുകളില്‍ ഇംഗ്ലിഷ് അധ്യാപക നിയമനത്തിനു നാലാഴ്ചയ്ക്കുള്ളില്‍ തസ്തിക സൃഷ്ടിച്ച് ഉത്തരവ് ഇറക്കാൻ സംസ്ഥാന സർക്കാരിനോടു കേരള ഹൈക്കോടതി നിർദേശിച്ചു. 2021 ലായിരുന്നു ഇംഗ്ലിഷ് അധ്യാപകര്‍ വേണമെന്ന് അന്നത്തെ ചീഫ് ജസ്റ്റീസ് ആയിരുന്ന എസ്. മണികുമാര്‍ ഉള്‍പ്പെട്ട ബഞ്ചിന്‍റെ സുപ്രധാന ഉത്തരവ്. 2022-23 ല്‍ തസ്തിക നിര്‍ണയിക്കാമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, പാലിക്കപ്പെട്ടില്ല. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് 11 തവണ സര്‍ക്കാര്‍ കേസ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതെത്തുടർന്നാണ് അന്ത്യശാസനം.

ജെസ്ന കേസിൽ പുതിയ ഹർജി; വിശദീകരണത്തിന് കൂടുതൽ സമയം ചോദിച്ച് സിബിഐ
🖱️ജെസ്ന തിരോധാനക്കേസിൽ പിതാവ് സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിബിഐ. ജെസ്ന കേസിൽ അന്വേഷണം അവസാനിപ്പിച്ചതിനെതിരെ പിതാവ് ജെയിംസ് ജോസഫ് നൽകിയ ഹർജിയിൽ വിശദീകരണം നൽകാനാണ് സിബിഐ കൂടുടൽ സമയം ആവശ്യപ്പെട്ടത്. കേസ് ഏപ്രിൽ അഞ്ചിന് വീണ്ടും കോടതി പരിഗണിക്കും.

ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ്; യുവാവിന് കോടികളുടെ നഷ്ടം
🖱️ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ് വഴി യുവാവിന് നഷ്ടമായത് കോടികൾ. കടക്കാരുടെ ഭീഷണി വർധിച്ചതോടെ യുവാവിന്റെ ഭാര്യ ജീവനൊടുക്കി. കർണാടക ചിത്രദുർഗ സ്വദേശി ദർശൻ ബാബുവിന്റെ ഭാര്യ രഞ്ജിത(23)യാണ് വായ്പക്കാരുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തത്. കടം നൽകിയവരുടെ ഭീഷണിയെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറാണ് ദർശൻ. 2021 മുതൽ ഇയാൾ ഐപിഎൽ വാതുവെപ്പിൽ സജീവമായിരുന്നതായാണ് റിപ്പോർട്ട്.

ഗോൾഡ് റേറ്റ്
ഗ്രാമിന് 6115 രൂപ
പവന് 48920 രൂപ