വാർത്താകേരളം


                    
കെജ്‌രിവാൾ അറസ്റ്റിൽ:ഡൽഹിയിൽ നിരോധനാജ്ഞ
🖱️മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. വസതിക്കു പുറത്ത് വൻപൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. ആം ആദ്മി പ്രവർത്തകരും വസതിക്കു മുന്നിൽ ഇടം പിടിച്ചിരുന്നു. 12 പേരടങ്ങുന്ന ഇഡി സംഘമാണ് വസതിയിൽ പരിശോധനാ വാറന്‍റുമായി എത്തിയത്. മദ്യനയ അഴിമതി കേസിൽ ഇഡിയുടെ നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ ഇഡി നടപടികളിൽ നിന്ന് കെജ്‌രിവാളിന് സംരക്ഷണം നൽകാൻ കോടതി തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇഡിയുടെ പരിശോധന.

ഫാക്റ്റ് ചെക്ക് യൂണിറ്റ് സ്ഥാപിക്കാനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടി; വിജ്ഞാപനത്തിന് സുപ്രീം കോടതി സ്റ്റേ
🖱️സർക്കാരിനെതിരേയുള്ള വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനായി പ്രസ് ഇൻഫോർമേഷൻ ബ്യൂറോയ്ക്ക് കീഴിൽ ഫാക്റ്റ് ചെക്കിങ് യൂണിറ്റ് സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് വിജ്ഞാപനം സ്റ്റേ ചെയ്തത്. വിജ്ഞാപനത്തിന് താത്കാലിക സ്റ്റേ നൽകാൻ വിസമ്മതിച്ച ബോംബേ ഹൈക്കോടതി വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ വിധി. സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കാമ്രയും എഡിറ്റേഴ്സ് ഗിൽഡും ബോംബേ ഹൈക്കോടതി വിധിക്കെതിരേ നൽകിയ അപ്പീൽ ഹർജിയിലാണ് നടപടി. സർക്കാർ നിയന്ത്രണത്തിനുള്ള ഫാക്റ്റ് ചെക്കിങ് യൂണിറ്റ് അഭിപ്രായ സ്വാതന്ത്രയ്ത്തിനെതിരാണെന്ന് എഡിറ്റേഴ്സ് ഗിൽഡിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഷദാൻ ഫറാസത്ത് വാദിച്ചു.

ഇലക്റ്ററൽ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കൈമാറി എസ്ബിഐ
🖱️സുപ്രീം കോടതിയുടെ താക്കീതിനു പിന്നാലെ തെരഞ്ഞെടുപ്പ് കടപത്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിൽ തെരഞ്ഞെടുപ്പ് കടപത്രങ്ങളുടെ സീരിയൽ നമ്പറുകളും ഓരോ ബോണ്ടിലെയും സവിശേഷ നമ്പറുകളും ഉൾപ്പെടെയാണ് കൈമാറിയത്. അക്കൗണ്ട് നമ്പറും കെവൈസി വിവരങ്ങളും ഒഴികെയുള്ളതെല്ലാം കൈമാറിയതായി എസിബിഐ കോടതിയിൽ സമർപ്പിച്ച് സത്യവാങ് മൂലത്തിൽ അറിയിച്ചു. മുൻപ് എസ്ബിഐ സമർപ്പിച്ച വിവരങ്ങൾ പൂർണമല്ലെന്ന് കാട്ടി അതൃപ്തി രേഖപ്പെടുത്തിയ കോടതി എല്ലാ വിവരങ്ങളും 5 മണിക്കുള്ളിൽ കൈമാറണമെന്ന് അന്ത്യശാസനം മുഴക്കിയിരുന്നു. ലഭിക്കുന്ന വിവരങ്ങളെല്ലാം തെരഞ്ഞെടുപ്പു കമ്മിഷന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിർദേശം.

പ്രചാരണത്തിന് പണമില്ലെന്ന് കോണ്‍ഗ്രസ്
🖱️പാര്‍ട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് രാജ്യത്ത് പാർട്ടിയെ തകർക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കലല്ല ഇതെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മരവിപ്പിക്കലാണെന്നും രാഹുല്‍ ഗാന്ധി. എഐസിസി ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് നേതാക്കളുടെ പ്രതികരണം.

ഡോ. ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ
🖱️കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരേ വ്യാപക പ്രതിഷേധം. ഒരു യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പരാമർശം ഉയർത്തിയത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമാണ് സത്യഭാമയുടെ വാക്കുകൾ. ”എന്‍റെ അഭിപ്രായത്തിൽ മോഹിനിയാട്ടമൊക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല”, സത്യഭാമ പറഞ്ഞു.

വ്യക്തിയെക്കുറിച്ചല്ല പറഞ്ഞത്, തന്‍റെ വാക്കുകൾ വളച്ചൊടിച്ചു; പ്രതികരിച്ച് സത്യഭാമ
🖱️നർത്തകൻ ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി കലാമണ്ഡലം സത്യഭാമ. ആർഎൽവി എന്ന സ്ഥാപനത്തെക്കുറിച്ചാണ് പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ലെന്നും സത്യഭാമ പറഞ്ഞു. താൻ പറഞ്ഞ വാക്കുകൾ മാധ്യമ പ്രവർത്തകർ വളച്ചൊടിക്കുകയാണെന്നും അവർ ആരോപിച്ചു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് സത്യഭാമയുടെ വിവാദ പരാമർ‌ശം.

‘കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമാണ്’; രാമകൃഷ്ണന് പിന്തുണയുമായി നിരവധി പേർ
🖱️ആർഎൽബി രാമകൃഷ്ണനെതിരായ കാലമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ വിമർശനവുമായി നിരവധി പേർ രംഗത്ത്. മന്ത്രി ആർ. ബിന്ദു, നടന്മാരായ ഹരീഷ് പേരടി, ജോയ് മാത്യു, നർത്തകി മേതിൽ ദേവിക എന്നിവരുൾപ്പെടെയുള്ളവർ രാകൃഷ്ണന് പിന്തുണ അറിയിച്ച് രംഗത്തെത്തി.ഒരു യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പരാമർശം ഉയർത്തിയത്. പുരുഷമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമാണ് സത്യഭാമയുടെ വാക്കുകൾ.

”പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം”; സത്യഭാമയെ തള്ളി കേരള കലാമണ്ഡലം
🖱️സത്യഭാമയുടെ പ്രസ്താവനയേയും പ്രതികരണത്തേയും അപലപിച്ച് കേരള കലാമണ്ഡലം. കലാമണ്ഡലം വിസിയും രജിസ്ട്രാറും ഇത് സംബന്ധിച്ച് വാർത്താ കുറിപ്പ് പുറത്തിറക്കി.സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണ്. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നതാണ്. കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം പ്രസ്താവനയിൽ വ്യക്തമാക്കി.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക്‌ മുഖ്യമന്ത്രി
🖱️പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രചരണം. 22ന് കോഴിക്കോടാണ് ആദ്യ പരിപാടി. 23 – കാസർകോട്, 24 – കണ്ണൂർ, 25 – മലപ്പുറം, 27 – കൊല്ലം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാർലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി. 30ന് തിരുവനന്തപുരത്ത് ആരംഭിച്ച് ഏപ്രിൽ 22ന് കണ്ണൂരിൽ അവസാനിക്കും. ഒരോ പാർലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികൾ വീതമാണ് ഉണ്ടാവുക.

വാട്സാപ്പിലൂടെ ‘വികാസ് ഭാരത്’ സന്ദേശങ്ങളയക്കുന്നത് അവസാനിപ്പിക്കണം; കേന്ദ്രത്തോട് തെരഞ്ഞെടുപ്പ് കമ്മിഷൻ
🖱️വാട്സാപ്പ് മുഖേന ‘വികാസ് ഭാരത്’ സന്ദേശങ്ങളയക്കുന്നത് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിർദേശം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകി. വാട്‌സാപ്പിൽ സന്ദേശങ്ങൾ അയക്കുന്നതുവഴി പെരുമാറ്റച്ചട്ട ലംഘനം നടന്നതായുള്ള പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നടപടി. മാർച്ച് 15ന്, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപാണു പ്രധാനമന്ത്രിയുടെ കത്ത് അടങ്ങിയ സന്ദേശം അയച്ചതെന്നും സാങ്കേതിക തകരാറുമൂലമാണ് ചില സന്ദേശങ്ങൾ വൈകിയതെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.

തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിച്ചതു സ്റ്റേ ചെയ്യാതെ സുപ്രീം കോടതി
🖱️തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസുണ്ടാക്കണമെന്ന പുതിയ നിയമം അനുസരിച്ച് ഇപ്പോഴത്തെ തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിച്ചതു സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജിവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ ഘട്ടത്തിൽ സ്റ്റേ ചെയ്യുന്നത് അരാജകത്വം സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കൂടാതെ പുതുതായി നിയമിതരായ കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബിര്‍ സന്ധു എന്നിവര്‍ക്കെതിരെ യാതൊരു ആരോപണങ്ങളും ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ എക്‌സിക്യൂട്ടീവിന് കീഴിലാണെന്ന് പറയാനാകില്ലെന്നും കോടതി ഹര്‍ജിക്കാരോട് പറഞ്ഞു.

തൊഴിലുറപ്പ് വേതനം ഉയർ‌ത്തി കേന്ദ്രം
🖱️മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർധിപ്പിക്കാൻ കേന്ദ്രത്തിന് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ അനുമതി. ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെയാണ് മന്ത്രാലയം കമ്മിഷനെ സമീപിച്ചത്. കമ്മിഷൻ അനുമതി നൽകിയതോടെ ഒരാഴ്ചയ്ക്കുള്ളിൽ വർധിപ്പിച്ച വേതനം നിലവിൽ വരുമെന്നാണ് പുറത്തു വരുന്ന വിവരം. വേതന വര്‍ധനവില്‍ അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷനായ പാർലമെന്‍ററി കമ്മിറ്റിയാണ് വേതന വർധനവിന് ശുപാർശ നൽകിയത്.

ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി
🖱️പ്രതിപക്ഷ സഖ്യത്തിന് കേന്ദ്രത്തിൽ അധികാരം ലഭിച്ചാൽ പൗരത്വ നിയമ ഭേദഗതി (സിഎഎ) പിൻവലിക്കുമെന്ന് ഡിഎംകെയുടെ പ്രകടന പത്രികയിൽ വാഗ്ദാനം. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകും, 2020ലെ പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കും, ഗവർണർമാർക്ക് ഭരണഘടന നൽകിയിരിക്കുന്ന പ്രത്യേക സംരക്ഷണം ഒഴിവാക്കും, ഗവർണർ നിയമനം മുഖ്യമന്ത്രി കൂടി അംഗീകരിക്കണമെന്നു നിയമം നിർമിക്കും, ഇന്ധനവില കുറയ്ക്കും, ഉത്പാദനച്ചെലവിനെക്കാൾ 50 ശതമാനം അധികമാകണം താങ്ങുവിലയെന്ന എം.എസ്. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.

ആറേഴ് മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ കുരുക്കിലിടും: ഗണേഷ് കുമാര്‍
🖱️ആറേഴ് മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ കുരുക്കിലിടുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അഴിമതി ഇല്ലാതാക്കും. എല്ലാം വിരൽത്തുമ്പിലാക്കും. എന്നാലേ കെഎസ്ആര്‍ടിസി രക്ഷപ്പെടൂ- അദ്ദേഹം പറഞ്ഞു. ഇവിടെ ലൈസന്‍സ് ടു ഡ്രൈവ് അല്ല, ലൈസന്‍സ് ടു കില്‍ ആണ്. ഗള്‍ഫില്‍ അപകടം സംഭവിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ വാഹനം ഓടിക്കുന്നയാള്‍ ജയിലിലാകും. ബ്ലഡ് മണി കൊടുത്താലേ ഇറങ്ങാന്‍ കഴിയൂ. എല്ലാ രാജ്യങ്ങളിലും നിയമം കര്‍ശനമാണ്. എന്നാല്‍ ഇവിടെ അങ്ങനെയല്ല- ലൈസൻസ് പരിഷ്കരണത്തെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ്: പിഎസ്‌സി പരീക്ഷാ തീയതികളിൽ മാറ്റം
🖱️സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകൾ പിന്നീട് മെയ് 11,25 എന്നി തീയതികളിൽ നടത്തും. അവസാനഘട്ട പരീക്ഷ ജൂണ്‍ 15നാണ്.

ഡോക്ടർമാർക്ക് സാമൂഹിക മാധ്യമങ്ങളിൽ വിലക്ക്; പ്രതിഷേധമുയർന്നതിനു പിന്നാലെ സർക്കുലർ പിൻവലിച്ച് ആരോഗ്യ വകുപ്പ്
🖱️സർക്കാർ ഡോക്ടർമാർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തിയ വിവാദ സർക്കുലർ പിൻവലിച്ച് ആരോഗ്യ വകുപ്പ്. സർക്കുലറിനെതിരേ കടുത്ത വിമർശനം ഐഎംഎയും കെജിഎംഒയും ഉയർത്തിയ സാഹചര്യത്തിലാണ് സർക്കാർ നടപടി. സർക്കാർ ഡോക്ടർമാർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കികൊണ്ടായിരുന്നു ഡിഎച്ച്എസ് സർക്കുലർ.

കാലടി വിസിയുടെ ഹർജിയിൽ ഇടപെട്ടില്ല, കാലിക്കറ്റ് വിസിക്ക് തുടരാമെന്ന് ഹൈക്കോടതി
🖱️കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വി.സി ഡോ. എം.വി നാരായണനെ പുറത്താക്കിയ ചാൻസിലറുടെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. അതേസമയം ഡോ.എംകെ ജയരാജന് കാലിക്കറ്റ് വിസിയായി തുടരാം.യുജിസി യോഗ്യത ഇല്ലാത്തതിന്‍റെ പേരിലാണ് കാലിക്കറ്റ്,സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസിലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. കെടിയു വിസിയായിരുന്ന ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിന്‍റെ പേരിൽ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയിരുന്നു.

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിപ്പ്: കലാഭവൻ സോബി അറസ്റ്റിൽ
🖱️വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സോബി ജോര്‍ജിനെ ബത്തേരി പൊലീസ് പിടികൂടിയത്. സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലം ചാത്തന്നൂരില്‍ നിന്നാണ് ബത്തേരി എസ്‌ഐ ശശികുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സോബി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ സമാനരീതിയിലുള്ള 25ഓളം കേസുകളുണ്ടെന്നും ഇതില്‍ ആറെണ്ണം വയനാട്ടിലാണെന്നും പൊലീസ് പറഞ്ഞു. വയനാട്ടില്‍ നിന്ന് മാത്രം സമാനരീതിയില്‍ 26 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതിയുള്ളത്.

”ജാവദേക്കറെ കണ്ടത് വ്യക്തിപരമായ കാര്യത്തിന്, രാജേന്ദ്രൻ പാർട്ടി വിടില്ലെന്നാണ് പ്രതീക്ഷ”; എം.എം. മണി
🖱️മുൻ‌ എംഎൽഎ എസ്. രാജേന്ദ്രൻ‌ സിപിഎം വിടില്ലെന്നാണ് കരുതുന്നതെന്ന് എം.എം. മണി എംഎൽഎ. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതിൽ പ്രശ്നമില്ല. രാജേന്ദ്രനുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി സംസാരിച്ചു. രാജേന്ദ്രന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. വ്യക്തിപരമായ ആവശ്യത്തിനാണ് രാജേന്ദ്രന്‍ ഡല്‍ഹിക്ക് പോയതെന്നാണ് അറിയുന്നതെന്നും മണി പറഞ്ഞു.

നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നൽകി സമീർ വാങ്കഡെ
🖱️നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ മുൻ സോണൽ മേധാവി സമീർ വാങ്കഡെയാണ് പരാതി നൽകിയത്. വാങ്കഡെ മാധ്യമശ്രദ്ധ നേടാൻ ആഗ്രഹിക്കുന്നയാളാണെന്നും സെലിബ്രിറ്റികളെയാണ് അതിനായി ലക്ഷ്യം വയ്ക്കുന്നതെന്നുമുള്ള രാഖിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് കേസ്. അപകീർത്തികരമായ പരാമർശത്തിനു നഷ്ടപരിഹാരമായി 11 ലക്ഷം രൂപ നൽകണമെന്ന് വാങ്കഡെ ആവശ്യപ്പെട്ടു.

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് സദാനന്ദ ഗൗഡ
🖱️മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ഡി.വി സദാനന്ദ ഗൗഡ (71) രാഷ്ട്രീയത്തിൽനിന്നു വിരമിച്ചു. കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹത്തിനിടയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതിനെത്തുടർന്ന് പാർട്ടി നേതൃത്വവുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോൺഗ്രസ് ക്ഷണിച്ചെങ്കിലും അവിടെക്കില്ല. നരേന്ദ്ര മോദിതന്നെ വീണ്ടും പ്രധാനമന്ത്രിയാകണം- സദാനന്ദ ഗൗഡ പറഞ്ഞു.

പഞ്ചാബ് വ്യാജമദ്യ ദുരന്തം: മരണം 8 ആയി
🖱️പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് മരണപ്പെട്ടവരുടെ മരണം 8 ആയി ഉയർന്നു. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഗുർജാനിൽ ബുധനാഴ്ചയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് 3 പേരെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ സുഖ്‌വീന്ദർ സിംഗ്, മൻപ്രീത് സിംഗ് എന്നിവരിൽനിന്നാണ് ഇവർ മദ്യം വാങ്ങിയതെന്ന് പൊലീസ് പറയുന്നു. ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു. വ്യാജമദ്യം കഴിച്ച് 3 പേർ മരിച്ചതായാണ് പൊലീസിന് ആദ്യം വിവരം ലഭിക്കുന്നത്. തുടർന്ന് 2 പേർ കൂടി മരിക്കുകയായിരുന്നു. പിന്നീട് പ്രതികൾ അറസ്റ്റിലായതിനു പിന്നാലെ 3 പേർക്കു കൂടി ജീവന്‍ നഷ്ടമാവുകയായിരുന്നു.

മാപ്പുപറഞ്ഞ് പതഞ്ജലി
🖱️തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയതിന് നിരുപാധികം മാപ്പുപറഞ്ഞ് പതഞ്ജലി. ഖേദം പ്രകടിപ്പിച്ച് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കി. സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പതഞ്ജലി സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോടതി നേരിട്ട് വിളിച്ച് വരുത്തിയതോടെയാണ് ഖേദപ്രകടനം. അവകാശവാദങ്ങള്‍ അശ്രദ്ധമായി ഉള്‍പ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിന് 25 കാരന് ക്രൂരമർദനം
🖱️ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചതിനാൽ കർണാടകയിൽ 25 കാരന് ക്രൂര മർദനം. വാഹിദ് റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. കർണാടകയിലെ യാദ്ഗിറിൽ ഈ തിങ്കളാഴ്ചയാണ് സംഭവം. വാഹിദ് റഹ്മാൻ കോളെജിൽ നിന്ന് മടങ്ങുമ്പോഴാണ് മർദ്ദനമുണ്ടാവുന്നത്. 9 പേരടങ്ങുന്ന സംഘം തന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. ഹിന്ദു സംഘടനയായ ബജ്‌റംഗ് ദളിന്‍റെ പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്ന് വാഹിദ് റഹ്മാൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഈസ്റ്ററിന് ബാങ്കുകൾ പ്രവർത്തിക്കണമെന്ന് ആർബിഐ
🖱️മാര്‍ച്ച് 31 ഞായറാഴ്ച എല്ലാ ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശം. സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാന ദിവസമായതിനാലും സര്‍ക്കാരിന്‍റെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തീകരിക്കേണ്ടതുള്ളതിനാലും അന്ന് ശാഖകള്‍ തുറക്കണമെന്നാണ് നിര്‍ദേശം. കേന്ദ്രസര്‍ക്കാരിന്‍റെ അപേക്ഷ പ്രകാരമാണ് നടപടിയെന്നും ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഇടപാടുകാരെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. അന്ന് ഈസ്റ്റര്‍ ദിനമാണെന്നതാണ് മറ്റൊരു പ്രത്യേകത. ബാങ്ക് ജീവനക്കാര്‍ക്ക് അവധി നഷ്ടമാകും.

ലോക സന്തോഷ സൂചികയിൽ ഇന്ത്യക്ക് 126-ാം സ്ഥാനം
🖱️സന്തോഷത്തിന്റെ കാര്യത്തിൽ ഇന്ത്യ അത്രപോര. ഐക്യരാഷ്ട്ര സഭ തയ്യാറാക്കുന്ന ലോക സന്തോഷ സൂചികയിൽ 126 -ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. കഴിഞ്ഞ വർഷവും ഇന്ത്യ 126-ാം സ്ഥാനത്താണുണ്ടായിരുന്നത്. അയൽ രാജ്യമായ പാകിസ്ഥാൻ 108-ാം സ്ഥാനത്താണ്. പട്ടികയിൽ തുടർച്ചയായി ഏഴാം വർഷവും ഫിൻലാൻഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 146 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. പട്ടികയിൽ ഏറ്റവും പിന്നിൽ അഫ്ഗാനിസ്ഥാനാണ്.

ഹോണടിക്കുമ്പോൾ കുട്ടികൾ നൃത്തം ചെയ്യുന്നു, നിയന്ത്രണവുമായി കംബോഡിയ
🖱️താളത്തിൽ ഹോണടിച്ചെത്തുന്ന വാഹനങ്ങളും തെരുവുകളിൽ അതിനു ചുവടു വയ്ക്കുന്ന കുട്ടികളും യുവതീ യുവാക്കളും, കംബോഡിയയിലിതിപ്പോൾ പതിവ് കാഴ്ചയാണ്. സോഷ്യൽ മീഡിയയിലാകെ ഇത്തരം വീഡിയോകൾ വൈറലാണ്. എന്നാലിനി തെരുവിൽ നൃത്തം ചെയ്ത് ആരും വൈറലാകേണ്ടന്നാണ് കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റിന്റെ ഉത്തരവ്. മ്യൂസിക്കൽ ഹോണുകൾ മുഴക്കിയെത്തുന്ന വലിയ ട്രക്കുകളും കാറുകളും കാത്ത് നൃത്തം ചെയ്യാനായി യുവജനങ്ങൾ അലഞ്ഞു തിരിയുന്ന ശീലം തടയപ്പെടേണ്ടതാണെന്നും ‌തെരുവിൽ ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത് തന്നെ അസ്വസ്ഥനാക്കുന്നതായും ഹുൻ മാനെറ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ധോണി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻസി ഒഴിഞ്ഞു
🖱️ഐപിഎൽ പതിനേഴാം സീസൺ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ചെന്നൈ സൂപ്പർ കിങ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്യാപ്റ്റൻ എം.എസ്. ധോണിയുടെ രാജി പ്രഖ്യാപനം. ഋതുരാജ് ഗെയ്ക്ക്‌വാദ് ആയിരിക്കും ഈ സീസണിൽ ടീമിനെ നയിക്കുക. ഐപിഎല്ലിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ചെന്നൈയുടെ ക്യാപ്റ്റൻസി മാറ്റം വ്യക്തമായത്. ഐപിഎൽ സീസൺ തുടങ്ങും മുൻപുള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിൽ ചെന്നൈയെ പ്രതിനിധീകരിച്ച് ധോണിക്കു പകരം ഗെയ്ക്ക്‌വാദ് എത്തിയതോടെയായിരുന്നു സ്ഥിരീകരണം.

ഐപിഎല്ലിന് തുടക്കം
🖱️ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശക്കാഴ്ചകള്‍ സമ്മാനിക്കാന്‍ ഒരു സീസണ്‍ കൂടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വെള്ളിയാഴ്ച ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ പോടും. ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. എ.ആര്‍. റഹ്മാന്‍, അക്ഷയ് കമാര്‍, ടൈഗര്‍ ഷ്റോഫ്, സോനു നിഗം തുടങ്ങിയ പ്രമുഖർ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളിൽ പങ്കെടുക്കും.

ഗോൾഡ് റേറ്റ്
ഗ്രാമിന് 6180 രൂപ
പവന് 49440 രൂപ