
ആനച്ചമയം; നെന്മാറ ദേശം.👆
ജോജി തോമസ്
നെന്മാറ വല്ലങ്ങി വേലക്ക് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എത്തിത്തുടങ്ങി. നെന്മാറ വേല എഴുന്നള്ളത്തിനെത്തിയ പ്രമുഖ ആനകൾക്ക് ആനപ്രേമി സംഘം സ്വീകരണവും നൽകി. നെന്മാറ ദേശത്തിൻ്റെ തിടമ്പേൽക്കുന്നത് പുതുപ്പള്ളി കേശവൻ. വല്ലങ്ങി ദേശത്തിൻ്റെ തിടമ്പ് ഗുരുവായൂർ നന്ദൻ വഹിക്കും. പഞ്ചവാദ്യമേളക്കാരും എത്തിയതോടെ മേള കമ്പക്കരും ആവേശത്തിലായി. ബഹുനില ആനപ്പന്തലിലെ ദീപാലങ്കാരവും സാമ്പിൾ വെടിക്കെട്ടും കാണാൻ ആയിരങ്ങൾ എത്തി. നെല്ലിക്കുളങ്ങര ക്ഷേത്രവും പരിസരവും ഭക്തരും കാഴ്ച കാണാൻ എത്തിയവരെ കൊണ്ട് നിറഞ്ഞു. കാഴ്ചക്കാർ നിറഞ്ഞതോടെ ക്ഷേത്രമുറ്റത്തെ വഴിവാണിഭക്കാരെയും വാഹങ്ങളെയും പോലീസെത്തി ഒഴിപ്പിച്ച് തിരക്ക് ക്രമീകരിച്ചു. ഉത്സവ ആഘോഷത്തിന് മാറ്റുകൂട്ടാൻ ക്ഷേത്രവും ആനപ്പന്തലും ഒരുങ്ങുന്നതിനോടൊപ്പം വ്യാപാര സ്ഥാപനങ്ങൾ മുതൽ പോലീസ് സ്റ്റേഷൻ വരെ ദീപാലങ്കാരങ്ങൾ കൊണ്ട് അലങ്കരിച്ചു. പരമ്പരാഗത ഉൽപ്പന്നങ്ങൾ മുതൽ കൗതുക ഉൽപ്പന്നങ്ങൾ വരെ വിൽപ്പനയ്ക്കായി എത്തി. സ്ഥിരം ഉത്സവ വില്പന സാധനങ്ങൾ കൂടാതെ എൽഇഡി ഇലക്ട്രോണിക്സ് ലൈറ്റുകൾ വരെ വില്പനയ്ക്ക് എത്തി. വൈകിട്ട് 5 മണിയോടെ വടക്കഞ്ചേരി, കൊല്ലങ്കോട്, പാലക്കാട് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് നെന്മാറ ടൗണിലേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും നെന്മാറ ടൗണിലും ക്ഷേത്രപരിസരത്തേക്ക് പോത്തുണ്ടി റോഡിലും വല്ലങ്ങി താലപ്പൊലി നടക്കുന്ന ഭാഗത്തും, നെന്മാറ വേട്ടയ്ക്കൊരു മകൻ ക്ഷേത്രം പരിസരത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വേലയുടെ മഹാത്മ്യം വിളിച്ചോതിക്കൊണ്ട് ആഘോഷങ്ങൾ വർണ്ണാഭമാക്കാൻ എല്ലാ പത്രമാധ്യമങ്ങളിലും സപ്ലിമെൻറ് ചെയ്തുകൊണ്ട് വേല ആഘോഷങ്ങൾക്ക് കൊഴുപ്പേകി. ആനച്ചമയം; വല്ലങ്ങി ദേശം. 👇
