[26.11.2023]
കുസാറ്റിൽ ഗാനമേളക്കിടെ നാലു വിദ്യാർഥികൾ മരിച്ചു
?️കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ഗാനമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ടെക് ഫെസ്റ്റിന്‍റെ ഭാഗമായി ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളക്കിടെയാണ് അപകടം. ടെക് ഫെസ്റ്റിന്‍റെ സമാപന ദിനത്തിൽ പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയാണ് ഒരുക്കിയിരുന്നത്.
കുസാറ്റ് ദുരന്തം: മരിച്ച നാലു വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു
?️കളമശേരി കുസാറ്റ് സർവകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാലു വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു. കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സിവിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി കൂത്താട്ടുകുളം സ്വദേശി അതുൽതമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ ഡ്രിഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ്, ഇതര സംസ്ഥാന വിദ്യാർഥി ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്.
കുസാറ്റിലേത് നാടിനെ ഞെട്ടിക്കുന്ന ദുരന്തം: മുഖ്യമന്ത്രി
?️നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട നാലു വിദ്യാർത്ഥികളുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ നിർദ്ദേശം നൽകി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വ്യവസായ വകുപ്പ് മന്ത്രി പി രാജീവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും എറണാകുളത്തേയ്ക്ക് യാത്ര തിരിച്ചു. മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തുകയും ദുഃഖസൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുസാറ്റിൽ ദുരന്തം വിതച്ചത് മഴയും ജനബാഹുല്യവും
?️കുസാറ്റ് ക്യാംപസിൽ സംഗീത പരിപാടിക്കിടെ ദുരന്തം വിതച്ചത് മഴയും തിരക്കും. ധിഷ്ണ എന്ന പേരിലുള്ള ടെക് ഫെസ്റ്റിന്‍റെ സമാപന വേദിയാണ് ദുരന്തവേദിയായി മാറിയത്. 3000 പേരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിലാണ് മഴ മൂലം അപ്രതീക്ഷികമായി ഉണ്ടായ ആൾക്കൂട്ടത്തിൽ നാലു വിദ്യാർഥികൾ മരണപ്പെട്ടത്. ഓഡിറ്റോറിയത്തിൽ ഉൾക്കൊള്ളാൻ ആകുന്നതിലും അധികം പേർ പരിപാടിക്കായി എത്തിയിരുന്നു. അപ്രതീക്ഷിതമായി മഴ പെയ്തതോടെ ജനക്കൂട്ടം ഓഡിറ്റോറിയത്തിന്‍റെ വാതിലിലൂടെ ഇരച്ചു കയറി. ഇതിനിടെ പടിക്കെട്ടിൽ വീണു പോയ വിദ്യാർഥികളാണ് മറ്റുള്ളവരുടെ ചവിട്ടേറ്റ് മരണപ്പെട്ടത്. നടന്നത് ഏറെ ദൗർഭാഗ്യകരമായ സംഭവമാണെന്ന് കുസാറ്റ് വൈസ് ചാൻസലർ പി.ജി. ശങ്കരൻ പറഞ്ഞു.
നവകേരള സദസ്സ് പരിപാടികൾ മാത്രമായി ചുരുക്കും
?️കളമശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർഥികൾ മരണമടഞ്ഞതിനാൽ ദുഃഖസൂചകമായി ഞായറാഴ്ച നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനി രാത്രി മന്ത്രിമാരുടെ അടിയന്തര യോഗം ചേർന്നാണ് തീരുമാനിച്ചത്.
നെഞ്ചിടിപ്പിന്‍റെ നിമിഷങ്ങൾ; ഹൃദയം ലിസി ആശുപത്രിയിലെത്തി
?️കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്‍റെ ഹൃദയവുമായി ഡോക്ടർമാരുടെ സംഘം ലിസി ആശുപത്രിയിലെത്തി. 11.13 ഓടെ കൊച്ചിയിൽ വന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്നും 2.30 മിനിട്ടോടെയാണ് അവയവുമായി സംഘം ലിസി ആശുത്രിയിലെത്തിയത്. സർക്കാരിന്‍റെ ഹെലികോപ്റ്ററിലാണ് തിരുവനന്തപുരത്തു നിന്നും അവയവം കൊച്ചിയിലെത്തിച്ചത്.
മന്ത്രിക്കെതിരായ പരാതിയിൽ മുഖ്യമന്ത്രി
?️നവകേരളസദസിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ ലഭിച്ച പരാതി വ്യക്തിപരമല്ലെന്നും അത് കമ്പനിയുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാൽ തന്നെ ഇപ്പോൾ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
?️നവകേരള സദസിനോട് അനുബന്ധിച്ച് കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലാക്കി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചേളന്നൂർ ഏഴേ ആറിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.കോഴിക്കോട് ബാലുശേരിയിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നാലു യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷവർമ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന!
?️സംസ്ഥാനത്ത് കടയുടമകൾ ഷവർമ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഷവർമ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 88 സ്ക്വാഡുകൾ 1287 ഷവർമ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തി.മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കണ്ടെത്തിയ 148 സ്ഥാപനങ്ങളിൽ ഷവർമ വിൽപ്പന നിർത്തിവച്ചു.
മൂന്നാറിൽ വീണ്ടും ഒഴിപ്പിക്കൽ
?️മൂന്നാറിൽ വീണ്ടും ഒഴിപ്പിക്കൽ നടപടിയുമായി ദൗത്യസംഘം. ഇതിനെതിരേ റോഡിൽ മരം വെട്ടിയിട്ട് ഗതാഗതം തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ചിന്നക്കനാൽ സിങ്കുകണ്ടത്ത് 12 പേരുടെ കൈവശമുള്ള ഭൂമിയാണ് ഒഴിപ്പിക്കുക. ജനകീയ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ പൊലീസ് അകമ്പടിയിലാണ് ഒഴിപ്പിക്കൽ നടപടി. സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിക്കുന്നത്. മുൻപ് നോട്ടീസ് നൽകിയ 12 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിനായി ബോർഡ് സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ദൗത്യസംഘം ആരംഭിച്ചത്.
വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി
?️എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്‍റെ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചേർത്തലയിൽ എസ്എൻ ട്രസ്റ്റ് പൊതുയോഗത്തിലാണു ഫലം പ്രഖ്യാപിച്ചത്. വിവിധ കേസുകൾ മുൻനിർത്തി വെള്ളാപ്പള്ളിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വിമത വിഭാഗം ഹൈക്കോടതിയെ വരെ സമീപിച്ചിരുന്നു.
തോമസ് ഐസക്കിന് സമൻസ് അയക്കാൻ ഹൈക്കോടതി അനുമതി
?️മുൻമന്ത്രി തോമസ് ഐസക്കിന് സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകി ഹൈക്കോടതി. കിഫ്ബിയിലെ ഇഡി അന്വേഷണത്തിലാണ് സമൻസ് അയക്കാൻ കോടതി അനുമതി നൽകിയിരിക്കുന്നത്.തോമസ് ഐസക്കിനെ ചോദ്യം ചെയ്താൽ മാത്രമേ കേസുമായി മുന്നോട്ടു പോകുവാൻ സാധിക്കത്തുള്ളൂവെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസിൽ ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഐസക്കടക്കമുള്ളവർക്ക് സമൻസ് അയക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
സന്നിധാനത്തും പമ്പയിലും ഇനി ജലക്ഷാമം ഉണ്ടാവില്ല
?️മണ്ഡലകാലത്ത് സന്നിധാനത്തും പമ്പയിലും യാതൊരു വിധ ജല ക്ഷാമവും അനുഭവപ്പെടാതിരിക്കാൻ വാട്ടർ അഥോറിറ്റി രണ്ടു ലക്ഷം ലിറ്റർ സംഭരണ ശേഷി ഉള്ള സ്റ്റീൽ ടാങ്ക് സ്ഥാപിച്ചു. നിലവിൽ 4 ലക്ഷം ലിറ്റർ സംഭരണ ശേഷി ഉള്ള പമ്പയിലെ പ്രധാന ടാങ്കിനോട് ചേർന്നാണ് പുതിയ സ്റ്റീൽ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.ജലവിതരണത്തിൽ യാതൊരു വിധ ബുദ്ധിമുട്ടുകളും ഇപ്പോൾ നിലവിൽ ഇല്ല. അയ്യപ്പ ഭക്തർക്ക് യാതൊരു വിധ ക്ലേശങ്ങളും നേരിടാത്ത മണ്ഡലകാലം ഒരുക്കുകയാണ് വാട്ടർ അഥോറിറ്റിയുടെ ലക്ഷ്യം.
യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസ്
?️യൂത്ത് കോൺഗ്രസ് തെരഞ്ഞടുപ്പിൽ വ്യാജ രേഖകൾ ഉപയോഗിച്ച സംഭവത്തിൽ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ഈ രീതി തെറ്റാണെന്ന് ഒറ്റകെട്ടിയി പറയണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം തെറ്റു തിരുത്താൻ തയാറാവണമെന്നും മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്നും വി.എം. സുധീരൻ കൂട്ടിച്ചേർത്തു.
ഹലാൽ നിരോധനം പരിഗണനയിൽ ഇല്ല: അമിത് ഷാ
?️രാജ്യത്ത് ഹലാൽ ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ ഇല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ. തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ അമിത് ഷാ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
മഹുവയ്ക്കെതിരേ അന്വേഷണം ആരംഭിച്ച് സിബിഐ
?️പാർലമെന്‍റിൽ ചോദ്യം ചോദിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അന്വേഷണം ആരംഭിച്ച് സിബിഐ. ലോക്പാലിന്‍റെ അഴിമതിവിരുദ്ധ ഓംബുഡ്സ്മാന്‍റെ ശുപാർശപ്രകാരമാണ് സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഇതിൽ പ്രഥമദൃഷ്ട്യാ വേണ്ടത്ര തെളിവുകൾ ലഭിച്ചാൽ സിബിഐ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും.
തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പുതിയ നീക്കം
?️ഉത്തരകാശിൽ നിർമാണത്തിലിരുന്ന തുരങ്കം മണ്ണിടിഞ്ഞ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനാവാതെ ദൗത്യസംഘം. രക്ഷാപ്രവർത്തനത്തിനായി വെർട്ടിക്കൽ ഡ്രില്ലിങ് നടത്താനാണ് തീരുമാനം. ഇതിനായുള്ള യന്ത്രം എത്തിക്കാൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻന് നിർദേശം നൽകി.
മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്
?️മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസിൽ 4 പ്രതികൾക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും 5 ലക്ഷം രൂപയും വിധിച്ചു. 15 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സാകേത് സെഷൻസ് കോടതി വിധി പറഞ്ഞത്.
‘പിണറായി സർക്കാരിന്‍റേത് മികച്ച ഭരണം’, അശോക് ഗെഹ്‌ലോത്ത്
?️കേരള മോഡലിനെയും പിണറായി സർക്കാരിനെയും പ്രശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്. കേരളത്തിൽ 5 വർഷത്തിൽ ഭരണം മാറുന്ന പതിവുണ്ടായിരുന്നു. അതിനു കഴിഞ്ഞ തവണ മാറ്റം വന്നതിവനു കാരണം സർക്കാർ കാഴ്ച്ച വച്ച മികച്ച പ്രവർത്തനമാണെന്നും ഗെഹ്ലോത്ത് വ്യക്തമാക്കി.
കേന്ദ്ര വിഹിതത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി നിർമല സീതാരാമൻ
?️കേന്ദ്ര വിഹിതം അനുവദിക്കുന്നില്ലെന്ന കേരളത്തിന്‍റെ വാദത്തിനെതിരേ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയിട്ടില്ല, രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചിയിൽ കാലിത്തീറ്റയുമായി പോയ ലോറിക്കു തീപിടിച്ചു
?️കേരള ഫീഡ്സിന്‍റെ കാലിത്തീറ്റയുമായി പോയ ലോറിക്കു തീപിടിച്ചു. തൊടുപുഴയിൽ നിന്നു മാലിപ്പുറത്തേക്ക് പോയ ലോറിക്കാണ് തീപടർന്നത്. റേഡിയേറ്ററിന്‍റെ ഭാഗത്തുനിന്നും തീവരുന്നതു കണ്ടതോടെ വണ്ടി ഒതുക്കി ഡ്രൈവറും ക്ലീനറും പുറത്തിറങ്ങുകയായിരുന്നു. ക്യാബിൻ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.
ആഗോള ഭൗമശാസ്ത്ര സമിതി അദ്ധ്യക്ഷര്‍ക്ക് ആതിഥ്യമരുളി കുസാറ്റ്
?️’ഭൗമശാസ്ത്രരംഗത്ത് സമൂലമായ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇന്ത്യന്‍ ജിയോഫിസിക്കല്‍ യൂണിയന്‍റെ വജ്രജൂബിലി വാര്‍ഷിക സമ്മേളനത്തിനു കേരളവും, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും വേദിയാകുന്നത് അഭിമാനകരമാണെന്ന് അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍റെ അധ്യക്ഷ പ്രൊഫ ലിസ ഗ്രേയംലിച് പറഞ്ഞു.
തീരം കാക്കുന്ന കരങ്ങൾ പിടിച്ചു അവരുടെ സ്വപ്നങ്ങളും കപ്പലേറി
?️കടലും കപ്പലുമൊക്കെ സ്വപ്‌നങ്ങൾ മാത്രമായിരുന്നു കുറേ മനുഷ്യരുടെ സ്വപ്‌നങ്ങൾ കപ്പലേറിയ മനോഹര കാഴ്ചക്കാണ് അറബികടലിന്‍റെ തീരം സാക്ഷിയായത്. കോതമംഗലം പീസ് വാലി ഫൌണ്ടേഷനിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ സഹോദങ്ങൾക്കായി കോസ്റ്റ് ഗാർഡ് സംഘടിപ്പിച്ച സംഗമമാണ് വേറിട്ട അനുഭവങ്ങൾക്ക് വേദിയായത്.
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
?️അതിരപ്പിള്ളി റോഡിൽ മോട്ടോർ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മോട്ടോർ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എലിഞ്ഞിപ്ര ഇരുളിൽ വീടിൽ ജോണിയുടെ മകൻ എഡ്വിൻ (22) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 9 മണിയോടെ എലിഞ്ഞിപ്ര ഖാദിപ്പറമ്പിന് സമീപത്ത് വെച്ച് മോട്ടോർ ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ച് ആയിരുന്നു അപകടം.
റേഷൻ വിതരണം വീണ്ടും മുടങ്ങി
?️സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. ഇ-പോസ് മെഷീൻ തകരാറിലായതിനെ തുടർന്നാണ് വിതരണം മുടങ്ങിയത്. രാവിലെ മുതല്‍ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് റേഷൻ വിതരണം മുടങ്ങിയിരുന്നു.
പ്രമേഹരോഗവും അണുബാധയും: കാനം രാജേന്ദ്രൻ്റെ കാല്‍പാദം മുറിച്ചുമാറ്റി
?️പ്രമേഹരോഗവും അണുബാധയും രൂക്ഷമായതിനെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ കാല്‍പാദം മുറിച്ചുമാറ്റിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് അവധിക്ക് അപേക്ഷ നല്‍കി. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാര്‍ട്ടിക്ക് കത്ത് നല്‍കിയത്.പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിമാന ടിക്കറ്റുകൾക്ക് 30% ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്
?️എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് ലഭ്യമാക്കുന്ന ‘ക്രിസ്മസ് കംസ് ഏർലി’ സെയിൽ പ്രഖ്യാപിച്ചു. 2023 ഡിസംബർ 2 മുതൽ 2024 മെയ് 30 വരെ നടത്തുന്ന യാത്രകള്‍ക്കായി 2023 നവംബർ 30 വരെ നടത്തുന്ന ബുക്കിങ്ങുകള്‍ക്കാണ് ഓഫർ. കൂടാതെ എയർലൈനിന്‍റെ മൊബൈൽ ആപ്പിലും വെബ്‌സൈറ്റായ airindiaexpress.com-ലും ലോഗിൻ ചെയ്‌ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ എക്‌സ്‌പ്രസ് എഹെഡ് സേവനങ്ങളും സീറോ കൺവീനിയൻസ് ഫീ സൗകര്യവും ലഭിക്കും.
പ്രധാനമന്ത്രി തേജസിൽ പറന്നു
?️ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധ വിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര. സിംഗിൾ സീറ്റർ ഫൈറ്റർ വിമാനമാണ് വ്യോമസേനയും നാവികസേനയും ഉപയോഗിക്കുന്നത്. എന്നാൽ, ഇരട്ട സീറ്റുള്ള ട്രെയിനർ വിമാനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര.ബംഗളൂരു ആസ്ഥാനമായ പ്രതിരോധ പൊതുമേഖലാ സ്ഥാപനം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് സന്ദർശനവേളയിലാണ് പ്രധാനമന്ത്രി തേജസിൽ പറന്നത്.
ആദിത്യ എൽ 1 നിർണായക ഘട്ടത്തിൽ
?️ഇന്ത്യയുടെ ആദ്യ സൗരദൗത്യം നിർണായക ഘട്ടത്തിൽ. ആദിത്യ എൽ 1 പേടകം അടുത്ത വർഷം ജനുവരി 7 നുള്ളിൽ ലക്ഷ്യപദത്തിലെത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറയുന്നു.പേടകം അതിന്‍റെ യാത്രയുടെ അവസാന ഘട്ടത്തിലേക്കു കടന്നു കൊണ്ടിരിക്കുകയാണ്. എൽ 1 പോയിന്‍റിലേക്ക് പേടകത്തെ പ്രവേശിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
കറാച്ചിയിൽ ബഹുനില ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം
?️പാക്കിസ്ഥാനിലെ കറാച്ചിയിൽ ബഹുനില ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം. 11 പേർ വെന്തു മരിച്ചതായാണ് റിപ്പോർട്ടുകൾ. കറാച്ചിയിലെ റാഷിദ് മിൻഹാസ് റോഡിൽ സ്ഥിതി ചെയ്യുന്ന ആർജെ ഷോപ്പിംഗ് മാളിൽ രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. 50 ഓളം പേരെ രക്ഷപ്പെടുത്തിയെങ്കിലും കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
വിജയ് ഹസാരെ ട്രോഫി
?️വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിനു രണ്ടാം മത്സരത്തിൽ പരാജയം വി. ജയദേവൻ മഴ നിയമപ്രകാരം ഫലം നിശ്ചയിക്കപ്പെട്ട മത്സരത്തിൽ മുംബൈയെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 49.1 ഓവറിൽ 231 റൺസിന് ഓൾഔട്ടായി. 24.2 ഓവറിൽ 160/2 എന്ന നിലയിലാണ് മുംബൈ എട്ട് വിക്കറ്റ് ജയം കുറിച്ചത്.
തിരുവനന്തപുരം ടി20: ടിക്കറ്റെടുക്കാൻ ആളില്ല
?️ഇന്ത്യ – ഓസ്ട്രേലിയ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച തിരുവനന്തപുരത്ത് നടത്താനിരിക്കെ ടിക്കറ്റ് വിൽപ്പന മന്ദഗതിയിൽ. 45,000 സീറ്റുകളാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ ഗാലറിയിലുള്ളത്. വിറ്റുപോയത് പതിനായിരത്തിനടുത്ത് ടിക്കറ്റുകൾ മാത്രം. അപ്പര്‍ ടയറിന് 750 രൂപയും ലോവറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റിന് 350 രൂപയും. മഴഭീഷണിയും പ്രധാന താരങ്ങളുടെ അഭാവവുമാണ് ടിക്കറ്റ് വിൽപ്പനയിലെ ഇടിവിന് കാരണമെന്ന് സംഘാടകര്‍ പറയുന്നു. ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി മത്സരം നടത്തേണ്ടി വരുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. അങ്ങനെയുണ്ടായാൽ ഭാവിയില്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ കിട്ടാൻ തന്നെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് കെസിഎയുടെ വിലയിരുത്തല്‍.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5710 രൂപ
പവന് 45680 രൂപ