കുട്ടികളുടെ സുരക്ഷ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മന്ത്രി പി.രാജീവ്

കുട്ടികളുടെ സുരക്ഷ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മന്ത്രി പി.രാജീവ്

ആലുവയില്‍ അഞ്ചു വയസുകാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവിൻെറ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ആലുവ, പെരുമ്പാവൂര്‍ മേഖലകളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഡേ കെയര്‍, ക്രഷ് സംവിധാനമൊരുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു തന്നെ ഡേ കെയര്‍ ക്രമീകരിക്കുന്നതിനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. മാതാപിതാക്കള്‍ ജോലിക്കു പോകുന്നതിനാല്‍ സ്‌കൂള്‍ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികള്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുകയാണു ലക്ഷ്യം. ക്രഷ് ആവശ്യമായ ഇടങ്ങളില്‍ ഒരുക്കും.

ആലുവയിലേത് അതിദാരുണമായ കാര്യമാണെന്നും ഇനി ഇത്തരത്തിലൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ വകുപ്പ്, പോലീസ്, എക്സൈസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ നേതൃത്തില്‍ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് വേണ്ടി മാസ് ഡ്രൈവ് നടത്തും. അതിഥി ആപ്പ് സജ്ജമാകുന്നതോടെ രജിസ്ട്രേഷന്‍ നടപടികള്‍ക്കു വേഗത കൈവരും. കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുത്തിരിക്കുന്നത് നഗരസഭയില്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കും.

അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരിയുടെ ഉപയോഗവും വ്യാപനവും തടയുന്നതിനായി പോലീസും എക്സൈസും സംയുക്തമായി പ്രത്യേക പരിശോധന നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു. ലഹരിക്കെതിരായ ബോധവത്കരണം ഉള്‍പ്പെടെ വ്യാപകമാക്കും. ഇത്തരം പ്രവര്‍ത്തനങ്ങളിലെല്ലാം ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കും. അടുത്ത ദിവസം ആലുവയില്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കും.

അതിഥി തൊഴിലാളികള്‍ കൂടുതലുള്ള ആലുവ, പെരുമ്പാവൂര്‍ മേലകളില്‍ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ക്കു സാധ്യതയുണ്ടെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടുകളായി പരിഗണിച്ച് പോലീസ് 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതിഥി തൊഴിലാളികളെയാകെ കുറ്റവാളികളായി കാണേണ്ടതില്ലെന്നും അവരില്‍ ചെറിയൊരു വിഭാഗമാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി, സബ് കളക്ടര്‍ പി.വിഷ്ണു രാജ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.