ജോജി തോമസ് ദ
ദേശീയപാതയിൽ ആലത്തൂർ സ്വാതി ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കുന്നത് അശാസ്ത്രീയം. നെല്ലിയാംകുന്നം മുതൽ കിണ്ടിമൊക്കു ജംഗ്ഷൻ വരെ ആലത്തൂർ പഞ്ചായത്തിലെ പ്രദേശങ്ങളെ നെടുകെ പിളർക്കാൻ മാത്രമേ അടിപ്പാത നിർമ്മാണം വഴിവെക്കൂ. താലൂക്ക് ആസ്ഥാനമായ ആലത്തൂരിൽ മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്വാതി ജംഗ്ഷൻ വൻ മതിലിനാൽ പിളർക്കുന്ന പ്രദേശം ആകുമെന്നതും ജനങ്ങളിൽ ആശങ്കയാക്കി. പെരുങ്കുളം ഗ്രാമം, കാട്ടുശ്ശേരി, പുതിയങ്കം ഭാഗത്തേക്ക് പോകുന്നതിനു മൂന്ന് കിലോ മീറ്റർ വട്ടം ചുറ്റി വേണം യാത്ര ചെയ്യാൻ . നെല്ലിയാംകുന്നം കഴിഞ്ഞാൽ വലിയ വാഹനങ്ങൾ റോഡ് മുറിച്ച് കടക്കണം എങ്കിൽ കിണ്ടിമൊക്കിൽ എത്തണം. സ്വാതി ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കുന്നത് കൊണ്ട് ചെറിയ വാഹനങ്ങൾക്ക് മാത്രമേ യാത്ര സാധ്യമാകൂ. ആലത്തൂരിൻ്റെ ഹൈവേ കേന്ദ്രീകരിച്ചുള്ള വികസന സാദ്ധ്യതകൾ ഇല്ലാതാക്കും . ദേശീയപാത നാലുവരിയാക്കി പണിതപ്പോൾ നിയമപ്രകാരം പണിയേണ്ട സർവീസ് റോഡ് പണിയാതെ സ്വാതി ജംഗ്ഷൻ, വാനൂർ റോഡ്, നെല്ലിയാം കുന്നം എന്നിവിടങ്ങളിൽ 13 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇതിന് ഉത്തരവാദികൾ സർവീസ് റോഡ് പണി നടത്തിക്കേണ്ട ജനപ്രതിനിധികളും അവരുടെ രാഷ്ട്രീയ പാർട്ടികളുമാണ്. കരാർ കമ്പനികളിൽ നിന്നും ലക്ഷങ്ങൾ കോഴ വാങ്ങിയാണ് നിർമ്മിക്കേണ്ട സർവീസ് റോഡ് പണിയാതിരിക്കൻ കരാർ കമ്പനിക്ക് ഒത്താശ ചെയ്തത്. ഇപ്പോൾ അടിപ്പാത നിർമിക്കുന്നതിലൂടെ നാടിൻ്റെ വികസനത്തെ തന്നെ ഇത്തരക്കാർ ഇല്ലാതാക്കുകയാണ്. പണി തുടങ്ങും മുൻപേ തന്നെ കരാർ കമ്പനികൾ ആലത്തൂരിൽ എത്തി ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരെ കണ്ടു കഴിഞ്ഞു. നാടിൻ്റെ വികസനത്തിന് വിലങ്ങു തടിയാകുന്ന അടിപ്പാത നിർമ്മാണത്തിന് പകരം അങ്കമാലി, ചാലക്കുടി, മണ്ണുത്തി മാതൃകയിൽ എലിവേറ്റഡ് ഹൈവേ മാതൃക ആലത്തൂർ സ്വാതി ജംഗ്ഷനിലും നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.